Plus one application from tomorrow How to Apply

ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാം

Jobs

പഠനവും തയാറെടുപ്പും മാത്രമല്ല ആത്മവിശ്വാസവും പ്രധാനമാണ്. വ്യത്യസ്ത സാഹചര്യത്തിലും പഠന നിലവാരത്തിലുമുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന പരീക്ഷയാണിത്. പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ സംവിധാനവും കൂട്ടുകാര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ പരീക്ഷയെ ഒരു ശത്രുവായിക്കണ്ട് പേടിക്കേണ്ടതില്ല. പത്തു വര്‍ഷത്തെ സ്കൂള്‍ പഠനംകൊണ്ട് നേടിയ അറിവുകള്‍ കൂടി പ്രയോജനപ്പെടുത്തി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനാണ് ശ്രമിക്കേണ്ടത്.

ഓരോ കുട്ടിയുടെയും പഠന രീതിയും പഠന വേഗവുമെല്ലാം വ്യത്യസ്തമായിരിക്കും. മറ്റൊരു കുട്ടിയോട് സ്വയം താരതമ്യംചെയ്ത് അപകര്‍ഷതാബോധം ഉണ്ടാക്കരുത്. കൈയക്ഷരത്തിലെ ഭംഗിക്കുറവ്, ചിത്രം വരയ്ക്കുമ്ബോഴുള്ള സൂക്ഷ്മതക്കുറവ് തുടങ്ങി ചില കൂട്ടുകാര്‍ക്കെങ്കിലുമുള്ള ചെറിയ പരിമിതികളെ ഓര്‍ത്ത് അസ്വസ്ഥരാവേണ്ടതില്ല. നിശ്ചിതമായ അകലം പാലിച്ചും പരമാവധി അക്ഷരവ്യക്തതയോടെയും എഴുതുമ്ബോള്‍ കൈയക്ഷരത്തിന്റെ ഭംഗിക്കുറവ് പരിഹരിക്കപ്പെടും. കൈയക്ഷരത്തിന്റെ ഭംഗിക്ക് പ്രത്യേകം മാര്‍ക്കില്ലെന്നും അറിയുക. ഉത്തരങ്ങള്‍ ആവശ്യമായ അളവിലും കൃത്യതയിലും എഴുതാനാണ് ശ്രമിക്കേണ്ടത്. വരയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വളരെ കുറവാണ്. പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ നന്നായി നോക്കി ചിത്രസാധ്യതകള്‍ പരിചയപ്പെടണം. ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നതിലും ക്രമീകരിക്കുന്നതിലുമെല്ലാമാണ് മിടുക്ക് തെളിയിക്കേണ്ടത്.

ഇങ്ങനെ കൊച്ചുകൊച്ചു കുറവുകളെ മറികടക്കുമ്ബോള്‍ ആത്മവിശ്വാസം വര്‍ധിക്കും. വിവിധ ചോദ്യമാതൃകകള്‍ക്ക് ഉത്തരം കണ്ടെത്തും. ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആത്മവിശ്വാസം നല്ലൊരു മരുന്നാണ്. പരീക്ഷയില്‍ മാത്രമല്ല, ജീവിത വിജയത്തിനും ഇത് പ്രധാനമാണ്. ചോദ്യരീതികള്‍ അനുസരിച്ചാകണം ഇനിയുള്ള തയാറെടുപ്പ്.
പഠന സമയം ക്രമീകരിച്ചാകണം ഇനിയങ്ങോട്ടുള്ള പഠനം. പരീക്ഷയുടെ ടൈംടൈബിള്‍ അനുസരിച്ചും പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തിയുമാകണം സമയ ക്രമീകരണം.

പഠനസമയത്തുണ്ടാവുന്ന സംശയങ്ങള്‍ കൂട്ടുകാരോടും അധ്യാപകരോടും ചോദിച്ച്‌ പരിഹരിക്കണം. രക്ഷിതാക്കളുടെ സഹായവും കൂട്ടുകാര്‍ക്കൊപ്പമുണ്ടല്ലോ. പത്രം, റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന പരീക്ഷാ പരിശീലനങ്ങള്‍ ശ്രദ്ധിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ലക്ഷ്യബോധം

ഓരോ കുട്ടിയുടെയും പഠനരീതിയും പഠനവേഗവും പഠനതാല്‍പ്പര്യവും വ്യത്യസ്തമാണ്. എല്ലാ കുട്ടികളും എല്ലാ വിഷയങ്ങളും ഒരേപോലെ ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ സ്കൂള്‍ പഠനകാലത്ത് ഈ വിഷയങ്ങളെല്ലാം അറിഞ്ഞിരിക്കുകയും വേണം. എങ്കിലും ഓരോ കുട്ടിക്കും തന്റെ താല്‍പ്പര്യവും കഴിവും മനസിലാക്കി പഠനത്തില്‍ ലക്ഷ്യബോധം രൂപപ്പെടുത്താന്‍ ഇപ്പോള്‍ത്തന്നെ കഴിയും.

ഇത് ജീവിതലക്ഷ്യത്തിലേക്കുള്ള വഴിതെളിക്കുന്നു. ഡോക്ടര്‍, എന്‍ജിനീയര്‍, ഐ.ടി. പ്ര?ഫഷണലുകള്‍ തുടങ്ങി പതിവുരീതികള്‍ വിട്ട് കൃഷി, വ്യവസായം, വാണിജ്യം, മാധ്യമരംഗം, പരിസ്ഥിതി കാലാവസ്ഥാപഠനം, ജുഡീഷ്യറി, സാമൂഹ്യസേവനരംഗം തുടങ്ങി വ്യത്യസ്തമേഖലകളെകുറിച്ച്‌ കൂട്ടുകാര്‍ അറിയണം. ഓരോ വിഷയം പഠിക്കുമ്ബോഴും അതിന്റെ തുടര്‍പഠനസാധ്യതകള്‍ മനസിലാക്കാന്‍ ശ്രമിക്കണം.
ഇങ്ങനെ കൃത്യമായ ലക്ഷ്യബോധത്തോടെ പഠിക്കുമ്ബോള്‍ പഠനം കൂടുതല്‍ രസകരവും എളുപ്പവുമാകുന്നു. ലക്ഷ്യബോധം ഒരുദിവസംകൊണ്ട് രൂപപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ആരായിത്തീരണമെന്നതിനെകുറിച്ചുള്ള ചെറിയ ചിന്ത ഇപ്പോള്‍ത്തന്നെ മനസില്‍ സൂക്ഷിക്കുക. എങ്കില്‍ അതു വളര്‍ന്ന് കൃത്യമായ ലക്ഷ്യത്തിലേക്ക് കൂട്ടുകാരെ നയിക്കുകതന്നെ ചെയ്യും.

പരീക്ഷയെ അറിഞ്ഞ് പഠിക്കാം

പാഠഭാഗങ്ങള്‍ക്കൊപ്പം പരീക്ഷയെയും പഠിക്കണം. ജീവിതത്തില്‍ കൂട്ടുകാര്‍ നേരിടുന്ന ആദ്യ പൊതുപരീക്ഷയാണിത്. വിവിധ എന്‍ട്രന്‍സുകള്‍, ഐ.എ.എസ്., ഐ.പി.എസ്. തുടങ്ങി ഒട്ടേറെ പരീക്ഷകള്‍ പിന്നീട് മുന്നിലെത്തും. ഓരോ പരീക്ഷയുടെയും ചോദ്യരീതിയും മറ്റും വ്യത്യസ്തമായിരിക്കും. അതിനാല്‍ മോഡല്‍ പരീക്ഷാ പേപ്പറുകള്‍ കിട്ടാവുന്നിടത്തോളം ശേഖരിച്ചു ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഓരോ ചോദ്യവും ആവശ്യപ്പെടുന്ന അളവില്‍ ഉത്തരമെഴുതാന്‍ ശ്രദ്ധിക്കണം. പാഠഭാഗത്തെ ആശയങ്ങള്‍ നന്നായി മനസിലാക്കണം. പ്രധാനാശയവും ഉപാശയങ്ങളും ക്രമീകരിച്ചു ഓര്‍ക്കണം. ടൈം ലൈന്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ചിത്രീകരണങ്ങല്‍ തുടങ്ങിയവ ഉപയോഗിച്ചു ആശയങ്ങല്‍ മനസിലാക്കുകയും ആശയങ്ങളെ പരസ്പരം ബന്ധപ്പെടുത്തുകയും വേണം.
പാഠഭാഗത്തെ ആശയങ്ങള്‍, സന്ദര്‍ഭങ്ങള്‍ തുടങ്ങിയവ അതേ രീതിയില്‍ ആവര്‍ത്തിക്കാന്‍ മാത്രമല്ല ചോദ്യങ്ങള്‍ സ്വന്തമായ നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍, അഭിപ്രായങ്ങല്‍ തുടങ്ങിയവ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും.