I'm in the process: I'll have to wait for the tranquilizer

ഇറാന്‍ വിരുദ്ധ നീക്കം ശക്​തം; ഗള്‍ഫിന്റെ പിന്തുണ തേടി ട്രംപ്​

Featured, International

ഇറാനെതിരെ ശക്​തമായ നടപടിയുമായി മുന്നോട്ടു പോകാൻ അമേരിക്ക നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രധാന ഗൾഫ്​ നേതാക്കളുമായി യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ആശയവിനിമയം ആരംഭിച്ചു. ഇറാൻ ആണവ കരാറിനെതിരെ ലോകപിന്തുണ തേടാനും യു.എസ്​ ഭരണകൂടം തിരക്കിട്ട നീക്കത്തിലാണ്​.

ഇറാൻ ആണവ കരാറിൽ നിന്ന്​ യൂറോപ്യൻ രാജ്യങ്ങളെയും മറ്റും പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ തുടർച്ച എന്ന നിലക്കാണ്​ ഗൾഫ്​ നേതാക്കളുമായും ട്രംപ്​ ചർച്ച ആരംഭിച്ചത്​. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി ട്രംപ്​ ടെലിഫോണിൽ സംസാരിച്ചു. മേഖലയെ അസ്​ഥിരപ്പെടുത്തുന്ന നടപടികളിൽ ഏർ​പ്പെട്ട ഇറാനെ നേരിടാനുള്ള മാർഗങ്ങൾ ആണ്​ ചർച്ചയിൽ ഉയർന്നു വന്നത്​. മേഖലയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചർച്ചയിൽ പരാമർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഇറാന്റെ വിധ്വംസക നടപടിക​ളെയും തീവ്രവാദത്തെയും അമർച്ച ചെയ്യാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ നേതാക്കൾക്ക്​ സാധിക്കുമെന്ന്​ പ്രസ്​താവനയിൽ വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കി. ഇരുകൂട്ടർക്കും പൊതു താൽപര്യമുള്ള വിഷയങ്ങളാണ്​ ചർച്ച ചയ്​തതെന്ന്​ അബൂദബി കിരീടാവകാശിയും ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, യെമനിലും മറ്റും സംഘർഷം മൂർഛിപ്പിച്ച്​ സൗദി ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ്​ ഇറാനെന്ന്​ യു.എസ്​ സെൻട്രൽ കമാൻറ്​ ചീഫ്​ ജനറൽ ജോസഫ്​ വോട്ടൽ പറഞ്ഞു. ഹൂത്തികൾക്ക്​ മിസൈൽ സാ​ങ്കേതികത ഇറാൻ കൈമാറുന്നു എന്നാരോപിച്ച്​ യു.എന്നിൽ അവതരിപ്പിച്ച കരടുപ്രമേയം റഷ്യ കഴിഞ്ഞ ദിവസം വീറ്റോ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ അമേരിക്ക ആലോചിക്കുന്നത്​.