കായലില്‍ ചാടി അമ്മയും മകളും മരിച്ച സംഭവം: അകന്ന ബന്ധു കസ്റ്റഡിയില്‍

Featured, News

തിരുവനന്തപുരം: ആക്കുളം കായലില്‍ ചാടി കിളിമാനൂര്‍ സ്വദേശികളായ അമ്മയും മകളും മരിച്ച സംഭവത്തില്‍ അകന്ന ബന്ധു കസ്റ്റഡിയില്‍. കിളിമാനൂര്‍ സ്വദേശിയും സ്വകാര്യ ബസ് ഉടമയുമായ നാസറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കേസ് അന്വേഷിക്കുന്ന പൂന്തുറ സി.ഐ. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസറിനെ പിടികൂടിയത്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായ അമ്മ സോഫിദയുടെ മൊഴിയുടെയും ജാസ്മിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തിലാണ് നാസറിനെ പിടികൂടിയത്. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ആത്മഹത്യാപ്രേരണയ്ക്കാകും കേസെടുക്കുക.

കായലില്‍ ചാടി മരിച്ച ജാസ്മിന്റെ സഹോദരിയെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആക്കുളം കായലില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിച്ച ജാസ്മിനിന്റെ മക്കളെ ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ജാസ്മിനിന്റെ അമ്മ സോഫിദയുടെ മൊഴിയും നിര്‍ണ്ണായകമാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമല്ല കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍

ഒരു കുടുംബത്തിലെ മൂന്നുപേരില്‍ യുവതിയും കുഞ്ഞുമാണ് ആദ്യം മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിന്‍ മന്‍സിലില്‍ സൈനുദീന്റെയും സോഫിദയുടെയും മകള്‍ ജാസ്മിന്‍(30), മകള്‍ ഫാത്തിമ(4) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കായലില്‍ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാന്‍(10), റെംസിന്‍(7) എന്നിവരെ കായലിന്റെ കരയില്‍നിന്ന് വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി. ഇതിനിടെയാണ് ഇന്ന് രാവിലെ ജാസ്മിന്റെ സഹോദരി സജിനും മരിച്ചത്. ഇതോടെയാണ് ദുരൂഹത ഏറിയത്.

. ആഡംബര ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാദ്ധ്യതയാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കായലില്‍ ചാടാനായി പുറപ്പെടും മുമ്പ് ജാസ്മിന്‍ പിതാവ് സൈനുദ്ദീനെ ഒരു കത്ത് ഏല്‍പ്പിച്ചിരുന്നു. ബാങ്കില്‍ കൊടുക്കാനുള്ള കത്തെന്നാണ് പറഞ്ഞിരുന്നത്. പൊലീസ് കത്തു പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പാണെന്നു മനസിലായത്. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെ പൊലീസ് ക്റ്റഡിയിലെടുത്തിട്ടുള്ളത്. നാസറും ബന്ധുക്കളായ മറ്റു രണ്ടു സ്ത്രീകളുമാണ് തങ്ങളെ വഞ്ചിച്ചതെന്ന് കത്തില്‍ പറയുന്നു. സോഫിദയുടെ മൊഴിയിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഇവരുടെ ബന്ധുവും കുടുംബ സുഹൃത്തുമാണ് നാസര്‍.

ജാസ്മിന്റെ ഭര്‍ത്താവ് റഹിം ഖത്തറിലാണ്. ഇടയ്ക്കിടെ ജാസ്മിനും മക്കളും ഖത്തറില്‍ പോയി വരുന്ന പതിവുണ്ടായിരുന്നു. ആറ്റിങ്ങലിലും കിളിമാനൂരിലും വീടുകളുള്ള ഇവര്‍ക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും സാമ്പത്തിക ബാദ്ധ്യത എങ്ങനെ വന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. റഹിമിന് ഖത്തറില്‍ 60 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാട്ടില്‍ ഒരു കോടിയുടെ ബാദ്ധ്യതയുള്ളതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്പ കുടിശികയായതിന്റെ പേരില്‍ അടുത്തിടെ ഇവര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ജാസ്മിന്‍ ഇതിനു മുമ്പും ആത്മഹത്യാ ശ്രമം നടത്തിയതായും പൊലീസിന് സൂചന കിട്ടി.

ബാധ്യത തീര്‍ക്കാന്‍ വസ്തു വിറ്റ തുകയില്‍ 65 ലക്ഷം രൂപയാണ് കബളിപ്പിച്ചെടുത്തതാണു സൂചന. 150 ജീവനക്കാരുമായി റഹീം ഖത്തറില്‍ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുന്‍പ് അപകടത്തില്‍പ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്നു റഹീമിനു കമ്പനി ആറു മാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ശമ്പളം കിട്ടാതിരുന്ന ജീവനക്കാര്‍ ലേബര്‍ വകുപ്പില്‍ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാല്‍ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.

വസ്തു പ്രമാണം ചെയ്യാന്‍ പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങാന്‍ രണ്ടാഴ്ച മുന്‍പു ജാസ്മിനും ഫാത്തിമയും ഭര്‍ത്താവിന്റെയടുത്തു പോയിരുന്നു. വസ്തു വിറ്റ പണത്തില്‍ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തതായാണു കരുതുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ഇയാള്‍ കിളിമാനൂരിലെ വീട്ടില്‍ വന്നിരുന്നതായും പറയുന്നു. രണ്ടു മണിയോടെ ഭാര്യയും മകളും പേരക്കുട്ടികളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറില്‍ തിരിച്ചതായി ജാസ്മിന്റെ പിതാവ് സൈനുദ്ദീന്‍ പറഞ്ഞു. ബാങ്കില്‍ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകള്‍ മുറിയിലെ അലമാരയില്‍ വച്ചിട്ടാണു മകള്‍ പോയതെന്നും പിതാവ് പറഞ്ഞു. ഇത് ആത്മഹത്യാക്കുറിപ്പുകളാണെന്നു ദുരന്തശേഷമാണ് ഇദ്ദേഹം മനസ്സിലാക്കുന്നത്. അങ്കിള്‍ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലില്‍ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

മക്കളെയും മാതാവിനെയും കൂട്ടി ജാസ്മി സ്വന്തം കാറില്‍ ജീവനൊടുക്കാന്‍ പദ്ധതിയിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഖത്തറില്‍ കുടുംബസമേതം കഴിഞ്ഞുവന്ന ജാസ്മിയും ഭര്‍ത്താവ് റഹിമും അടുത്തിടെ ഖത്തറില്‍ സ്വന്തം കമ്പനിയിലുണ്ടായ ചില തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഭൂരിഭാഗം തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും കുറച്ച് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഖത്തര്‍ പൊലീസ് റഹിമിനെ കസ്റ്റഡിയിലെടുത്തുവത്രേ. നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ സജീവമായിരുന്ന റഹിം ആറ്റിങ്ങല്‍, ആലംകോട് മേഖലകളില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനിസ്സില്‍ സജീവമായിരുന്നു.

പ്രതീക്ഷകള്‍ക്കനുസരിച്ച് വസ്തുക്കളുടെ കച്ചവടങ്ങള്‍ നടക്കാത്തത് ഇവരെ വിഷമത്തിലാക്കി. ഇതിനിടയില്‍ കല്ലമ്പലം പുതുശേരിമുക്ക് ഈരാണിമുക്ക് സ്വദേശിയായ ഒരു യുവാവ് ജാസ്മിയുടെ മാതാവിന്റെ സഹോദരിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജാസ്മിയില്‍ നിന്ന് 65 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കാതെ കബളിപ്പിച്ചതായി സൂചനയുണ്ട്.
സജിനിയുടെ മരണത്തിനും ഈ സാമ്പത്തിക ബാധ്യതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് തരിക്കുന്നുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗ്ലൂരിലാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിന്‍ മാര്‍ഗം സജിനി തിരുവനന്തപുരത്തെത്തിയെന്നാണ് സൂചന. അതോ സജിനി തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാത്രിയാണ് ജാസ്മിന്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിലുള്ള സജിനിക്ക് ട്രയിനില്‍ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തുക അസാധ്യമാണ്. സജിനി റെയില്‍വേ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറില്‍ പേട്ടയിലെത്തി. ട്രാക്കിനു സമീപം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറിലെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സജിനിയുടെ വിവരങ്ങള്‍ ലഭിച്ചത്. കുറച്ചുനാള്‍ മുമ്പ് വിവാഹമോചനം നേടിയ സജിനി കിളിമാനൂരില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാദ്ധ്യതയില്‍ സജിനിക്കും പങ്കുണ്ടെന്നാണ് ആദ്യവിവരം. ഏതായാലും സോഫിദയേയും രക്ഷപ്പെട്ട കുട്ടികളേയും വിശദമായി ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്തുവരുമെന്നാണ് വിലയിരുത്തല്‍. സ്വന്തം ഭര്‍ത്താവിന്റെ കടബാധ്യതയ്ക്ക് അമ്മയേയും കൊണ്ട് ആക്കുളം പാലത്തില്‍ ചാടി മരിക്കാന്‍ എന്തിന് ജാസ്മിന്‍ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ജാസ്മിനും സോഫിദയും സജിനും ചേര്‍ന്നുള്ള ഇടപാടുകളിലെ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വ്യക്തം.

ഏതായാലും ഗള്‍ഫിലുള്ള ജാസ്മിനിന്റെ ഭര്‍ത്താവില്‍ നിന്ന് കാര്യങ്ങള്‍ തിരക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റയാനും റെംസിനും പത്തും ഏഴും വയസ്സുള്ള കുട്ടികളാണ്. അമ്മയുടേയും അനുജത്തിയുടേയും മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇവര്‍ മുക്തി നേടിയ ശേഷമേ കാര്യങ്ങള്‍ വിശദമായി തിരക്കാന്‍ പൊലീസ് തയ്യാറെടക്കൂ. സോഫിദ അപകടനില തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത മാറുമെന്നാണ് സൂചന