katinde chirakileri vegathayil rekkoditt yathra vimanam

കാറ്റിന്‍റെ ചിറകിലേറി വേഗതയില്‍ റെക്കോഡിട്ട് യാത്രാ വിമാനം

Auto

ആ വിമാനം കുതിച്ച വേഗം കേട്ടാല്‍ ആരുമൊന്ന് അമ്ബരക്കും. മണിക്കൂറില്‍ 1248 കിലോമീറ്റര്‍ വേഗത. എന്നാല്‍ ആ വേഗതയ്ക്കു സഹായിച്ചത് വിമാനത്തിന്‍റെ സാങ്കേതികവിദ്യയൊന്നുമല്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. പിന്നെങ്ങനെയെന്നല്ലേ? വീശിയടിച്ച കാറ്റിന്‍റെ കരുത്തിനൊപ്പമാണ് ആ യാത്രാവിമാനം റെക്കോഡിലേക്ക് പറന്നുകയറിയത്.

ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍വരെയുള്ള ദൂരം 5 മണിക്കൂര്‍ 15 മിനിട്ട് കൊണ്ടാണ് നോര്‍വീജിയന്‍ ബോയിംഗ് 787-9 ഡ്രീംലൈനര്‍ പിന്നിട്ടത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഡ്രീലൈനര്‍ 202 മൈല്‍ വേഗതയില്‍ ലഭിച്ച കാറ്റിന്റെ സഹായത്തോടെയാണ് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലെത്തിയത്. അങ്ങനെ മണിക്കൂറില്‍ 776 മൈല്‍ (ഏകദേശം 1248 കി.മീ) വേഗം കൈവരിച്ച്‌ അറ്റ്ലാന്റിക്കിന് കുറുകെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം എന്ന റെക്കോര്‍ഡും ബോയിംഗ് 787-9 ഡ്രീംലൈനര്‍ സ്വന്തമാക്കി.

സാധാരണ ആറു മണിക്കൂറിലധികം സമയമെടുക്കുന്ന സഞ്ചാരപാതയിലൂടെ ഒരു മണിക്കൂറോളം നേരത്തെയാണ് വിമാനമെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളില്‍ വച്ച്‌ ജെറ്റ് സ്ട്രീം സൃഷ്ടിച്ച അസാധാരണ വായുമര്‍ദ്ദത്തിന്റെ ഫലമായാണ് സര്‍വീസ് നിശ്ചയിച്ചതിലും നേരത്തേ എത്താനായത്.

2015ല്‍ ഇതേ പാതയില്‍ ഒരു യാത്രാവിമാനം 5 മണിക്കൂര്‍ 16 മിനിട്ടില്‍ സഞ്ചരിച്ച റെക്കോര്‍ഡാണ് ബോയിങ് 787-9 തകര്‍ത്തത്. 1996ല്‍ ഒരു ശബ്ദാതിവേഗ വിമാനം ഇതേദൂരം പിന്നിട്ടത് ഏകദേശം 2 മണിക്കൂര്‍ 52 മിനിട്ട് 59 സെക്കന്‍ഡ് കൊണ്ടാണ്. ഇടയ്ക്ക് എയര്‍ ടര്‍ബുലന്‍സ് ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിലും വേഗത്തില്‍ പറക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഡ്രീംലൈനിന്‍റെ ക്യാപ്റ്റന്‍ ഹാരോള്‍ഡ് വാന്‍ ഡാം പറയുന്നത്.