ട്വന്റി -20 പരമ്പര : ഇന്ത്യയെ 5 വിക്കറ്റിന് ലങ്ക തകര്‍ത്തു .

Featured, Sports

പൂനെ:        ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. 101 റൺസിന് ഇന്ത്യയെ ഒതുക്കിയ ലങ്ക 105 റൺസ് അടിച്ച് വിജയം ആഘോഷമാക്കുകയായിരുന്നു.  18 -മത്തെ ഓവറിലാണ് ലങ്ക ലക്ഷ്യം മറികടന്നത്. ദിനേശ് ചാന്ദിമലും(35)​ കപുഗേന്ദ്ര(25)​യും സിരിവർധന(21)​യുമാണ് അതിഥികളെ ലക്ഷ്യത്തിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കു വേണ്ടി നെഹ്റയും അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. സുരേഷ് റെയ്നയാണ് ചാന്ദിമലിനെ വീഴ്‌ത്തിയത്.

നേരത്തെ,​ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറിൽ 101 റൺസിന് പുറത്താകുകയായിരുന്നു. ഓപ്പണർമാർ ആദ്യ ഓവറുകളിൽ തന്നെ പവലിയനിലേക്ക് മടങ്ങിയപ്പോൾ മദ്ധ്യനിരയിൽ റെയ്ന(20)​യും യുവരാജ് സിംഗും(10)​ മാത്രമാണ് ഇരട്ടയക്കം കണ്ടത്. ലങ്കൻ പേസർ കസുൽ രജിതയാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് വില്ലനായത്. രോഹിത് ശർമ്മയെ പൂജ്യത്തിനും ശിഖർ ധവനെ 9 റൺസിനും അജിങ്ക്യ രഹാനെയെ നാല് റൺസിനും രജിത പറഞ്ഞുവിടുകയായിരുന്നു. ദസാൻ ശനകയാണ് റെയ്നയെയും പിന്നാലെയെത്തിയ ക്യാപ്റ്റൻ ധോണി(2)​യെയും പുറത്താക്കിയത്. 31 റൺസെടുത്ത രവിചന്ദ്ര അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വാലറ്റക്കാരനായ അശിഷ് നെഹ്റ(6)​ ഒരു വശത്ത് നിലയുറപ്പിച്ച് അശ്വിന് കൂട്ടായതാണ് സ്കോർ എൺപതിനു മുകളിൽ ഉയരാൻ സഹായിച്ചത്.
ലങ്കയ്ക്കു വേണ്ടി ദുഷ്‌മന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി.