Narendra Modi has said that Congress and Karnataka Janata Dal

നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യില്‍ ; നാളെ ഒമാനിലേക്ക്

Featured, International

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വൈകീട്ട് യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിലെത്തും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അദ്ദേഹം ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്ക് പോകും. രണ്ടുദിവസത്തെ പരിപാടികളാണ് ഒമാനിലും പ്രധാനമന്ത്രിക്കുള്ളത്.

പലസ്തീനില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. ഇന്ത്യ-യു.എ.ഇ ഉന്നതതല ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. കിരീടാവകാശിയുടെ കൊട്ടാരത്തില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ഭരണാധികാരികളും സംബന്ധിക്കും.

ഞായറാഴ്ച രാവിലെ അബുദാബിയിലെ രക്തസാക്ഷി സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം ഒമ്ബതരയ്ക്ക് ദുബായ് ഒപ്പേറ ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അബുദാബിയില്‍ പണിയുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം ചടങ്ങില്‍വെച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്യും. തുടര്‍ന്ന് മദീനത് ജുമേര ഹോട്ടലില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിലെ അതിഥിയായാണ് മോദി എത്തുന്നത്. ഉച്ചതിരിഞ്ഞ് അദ്ദേഹം മസ്കറ്റിലേക്ക് യാത്രതിരിക്കും.

വൈകിട്ട് മസ്കറ്റിലെ റോയല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രിയെ ഒമാന്‍ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അല്‍ സൈദ് സ്വീകരിക്കും. തുടര്‍ന്ന് ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് സമുച്ചയത്തിലെത്തി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഇവിടെ കാല്‍ലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാനെത്തും.

ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ രാഷ്ട്രനേതാവ് വലിയൊരു ജനസമൂഹവുമായി നേരില്‍ സംവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാസ് മുഖേനയാണ് പ്രവേശനം. മസ്കറ്റ് ഇന്ത്യന്‍ സ്കൂള്‍ സോഷ്യല്‍ ക്ലബ് വഴി ഇതിനകം 25,000 പ്രവേശന പാസുകള്‍ വിതരണം ചെയ്തു . ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പാസുകള്‍ വിതരണം ചെയ്തത് .

ഞായറാഴ്ച രാത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി മോദി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘത്തിന്റെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടക്കും. സുല്‍ത്താന്‍ ഖാബൂസ് പ്രധാനമന്ത്രിക്കായി അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച കാലത്ത് ഒമാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബിസിനസ് മീറ്റ് നടക്കും. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കും മസ്കറ്റിലെ ശിവക്ഷേത്രവും മോദി സന്ദര്‍ശിക്കും .