Pakistan is developing new nuclear weapons

പാകിസ്താന്‍ പുതിയ തരം ആണവായുധം വികസിപ്പിക്കുന്നതായി അമേരിക്ക

Featured, International

പാകിസ്താന്‍ പുതിയ തരം ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇന്റലിജന്‍സ് സെനറ്റ് സെലക്‌ട് കമ്മിറ്റിയുടെ ലോകം നേരിടുന്ന ഭീഷണിയെ സംബന്ധിച്ചുള്ള കോണ്‍ഗ്രസ്സില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സാണ് ഇക്കാര്യം പറഞ്ഞത്.

പുതിയ തരം ആണവായുധങ്ങളെ കൂടാതെ ഹ്രസ്വ ശ്രേണിയില്‍പ്പെട്ട തന്ത്രപരമായ ഉപകരണങ്ങള്‍, കടലില്‍ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകള്‍, ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകളും പാകിസ്താന്‍ നിര്‍മിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അടുത്ത വര്‍ഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഉത്തരകൊറിയയുടെ ആണവായുധ ഭീഷണിയായിരിക്കുമെന്നും ഡാന്‍ കോട്സ് മുന്നറിയിപ്പ് നല്‍കി.

ഇറാനും സിറിയയും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ക്ക് ബാലസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ ഉത്തരകൊറിയ കൈമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ സിറിയയില്‍ ആണവ റിയാക്ടര്‍ നിര്‍മ്മാണത്തിന് സഹായവും നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരക്കൊറിയ കഴിഞ്ഞ വര്‍ഷം ഭൂഖണ്ഡാന്തര മിസൈലുകളടക്കം നിരവധി ബാലസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ശീതയുദ്ധം തുടര്‍ന്നുവരികയാണ്.