പൊരുത്തമുണ്ടെങ്കിലും വിവാഹമോചനം

Astro

ഒരു ഭാവത്തില്‍ പാപഗ്രഹം ഉണ്ടെങ്കില്‍ ആ ഭാവത്തിനു പറഞ്ഞിട്ടുള്ള അനുഭവങ്ങള്‍ അനുകൂലമായി കിട്ടുകയില്ല. സ്‌ത്രീയുടേയും പുരുഷന്റേയും ഏഴാംഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ രണ്ടു പേരുടേയും ദാമ്പത്യാനുഭവങ്ങള്‍ അസുഖകരമായ അവസ്‌ഥയില്‍ വന്നുപെടുന്നു. ജാതകാദേശത്തില്‍ പറയുന്നതു നോക്കുക.

സൗമ്യാഃ ശുഭാനിഖലു ഭാവ ഫലാനികുര്യ
രന്യാനി ഹന്യു രവരേ വിപരീതമേവ (ന്‍/2)
സാരം: ശുഭന്മാര്‍ ശുഭഫലങ്ങളെ നല്‍കുകയും അശുഭഫലങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. നേരെമറിച്ച്‌ പാപന്മാര്‍ അശുഭഫലങ്ങളെ അനുഭവിപ്പിക്കുകയും ശുഭഫലങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. രണ്ടു ജാതകത്തിലെയും ഏഴിലെ പാപന്മാര്‍ രണ്ടുപേരുടെയും ദാമ്പത്യ സുഖാനുഭവങ്ങളെ നശിപ്പിക്കുന്നുവെന്ന്‌ ചുരുക്കം.

ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന പാപസാമ്യ ന്യായയുക്‌തിയനുസരിച്ച്‌ രണ്ടു ജാതകങ്ങളിലും ഏഴാംഭാവത്തില്‍ പാപന്‍ നിന്നാല്‍ പരസ്‌പരം ദോഷപരിഹാരമായി എന്നാണ്‌. മേലുദ്ധരിച്ച പ്രമാണമനുസരിച്ച്‌ രണ്ടു ജാതകങ്ങളിലേയും ഏഴാം ഭാവത്തിലെ പാപസ്‌ഥിതികൊണ്ട്‌ രണ്ടുപേരുടേയും ഏഴാംഭാവസംബന്ധമായ ശുഭഫലം നശിക്കുകയും അശുഭഫലം ഫലിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്‌ ഇത്തരം ഗ്രഹനിലയുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലടിച്ചു പിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇമ്മാതിരിയുള്ള പാപസാമ്യനിരൂപണം കേരളീയ ജ്യോതിഷികളുടെ ഇടയിലേ പ്രചാരത്തിലുളളൂ. ഇതിനവര്‍ പറയുന്ന സമാധാനം എന്താണെന്ന്‌ നോക്കാം.

ഭാര്യയുടെ ഏഴില്‍ പാപനുണ്ടെങ്കില്‍ അവള്‍ ക്രൂരയായിരിക്കും. അങ്ങനെയുള്ള ഭാര്യയെ നേരിടാന്‍ ക്രൂരനായ ഭര്‍ത്താവുതന്നെ വേണം. അല്ലെങ്കില്‍ ഭര്‍ത്താവിനെ ഭാര്യ അടിമപ്പെടുത്തിക്കളയും. അത്‌ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്‌ ഏഴില്‍ പാപനുള്ള പുരുഷനെ ചേര്‍ത്തുവയ്‌ക്കുന്നത്‌. പുരുഷാധിപത്യ സമൂഹത്തിന്റെ മേല്‍ക്കോയ്‌മ നിലനിര്‍ത്താന്‍ വേണ്ടി പണ്ടേതോ ആഢ്യകുലജ്യോതിഷികള്‍ കണ്ടുപിടിച്ച ഒരു കുതന്ത്രമാണ്‌ ഇന്ന്‌ പാപസാമ്യ നിയമമായി പൊരുത്ത പരിശോധനയില്‍ അധീശത്വം പുലര്‍ത്തുന്നത്‌.

വിയോജിപ്പും അതിനെത്തുടര്‍ന്നുളള വിട്ടുവീഴ്‌ചയില്ലായ്‌മയുമാണ്‌ ദാമ്പത്യകലഹത്തിനും വേര്‍പിരിയലിനും കാരണമാകുന്നത്‌.
വേര്‍പിരിയലിനു നിമിത്തമാകുന്ന ഗ്രഹങ്ങള്‍ രവി സര്‍പ്പന്‍, കുജന്‍, മന്ദന്‍ എന്നിവരാണ്‌. 12-ാം ഭാവാധിപനും ദമ്പതികളെ അകറ്റാന്‍ പ്രേരിപ്പിക്കുന്ന ഗ്രഹമാണ്‌.

ഏഴാം ഭാവം, ഏഴാം ഭാവാധിപതി, ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടെ നോക്കുന്ന ഗ്രഹം, ശുക്രന്‍ ഇവര്‍ അംശിക്കുന്ന രാശികള്‍, രാശ്യാധിപന്മാര്‍ എന്നിവരെക്കൊണ്ട്‌ കളത്രചിന്ത ചെയ്യണം. ഏഴാംഭാവത്തിന്‌ ബലഹാനി, പാപയോഗ, ശുഭദൃഷ്‌ടി ഇല്ലാതാവുക, പാപദൃഷ്‌ടി ഉണ്ടാവുക, ശുക്രന്‌ നീചസ്‌ഥിതി, നീച അംശകസ്‌ഥിതി, മൗഢ്യസ്‌ഥിതി, 6, 8, 12 ലെ സ്‌ഥിതി എന്നിവ ദൗര്‍ബല്യങ്ങളായിക്കാണണം.

ദമ്പതികളില്‍ ഒരാളുടെ ഏഴാംഭാവത്തിനും ഏഴാം ഭാവാധിപതിക്കുമെങ്കിലും ബലവും ശുഭത്വവും ഉണ്ടായിരിക്കണം. എന്നാല്‍ വിട്ടുവീഴ്‌ച ചെയ്‌ത് ദാമ്പത്യബന്ധം നിലനിന്നുപോകും. അങ്ങനെ ദമ്പതികളും സന്താനങ്ങളും നല്ല ജീവിതം നയിക്കുകയും ചെയ്യും.

നാലാം ഭാവമാണ്‌ കുടുംബസൗഖ്യത്തെ പ്രതിനിധാനം ചെയ്യുന്നത്‌. രവി, കുജന്‍, സര്‍പ്പന്‍, മന്ദന്‍, പന്ത്രണ്ടാം ഭാവാധിപന്‍ എന്നിവരില്‍ ആരെങ്കിലും നാലില്‍ നില്‍ക്കുകയും നാലാം ഭാവാധിപന്‍ ഇവരുമായി ബന്ധപ്പെടുകയും ചെയ്യുമ്പോള്‍ മറ്റുതരത്തില്‍ ദോഷഘടകങ്ങള്‍ പ്രത്യക്ഷമായി കണ്ടാല്‍ വിരഹം ഉണ്ടാകുമെന്ന്‌ കണ്ട്‌ മുന്‍കരുതല്‍ സ്വീകരിക്കണം. മുന്‍കരുതല്‍ എന്ന്‌ ഉദ്ദേശിക്കുന്നത്‌ രാശിചക്രത്തില്‍ മറ്റു ഗ്രഹസ്‌ഥിതികള്‍കൊണ്ട്‌ പരിഹാരം ഉണ്ടോയെന്ന്‌ ഉറപ്പുവരുത്തലാണ്‌.

ആറാംഭാവം കേസുവഴക്കുകളെ സൂചിപ്പിക്കുന്നതാണ്‌. ഏഴിന്റെ 12-ാം ഭാവമാണ്‌ 6. അതുകൊണ്ട്‌ ആറാംഭാവത്തെ കൂടുതല്‍ ശ്രദ്ധിക്കണം. നാലാംഭാവാധിപന്‍ ആറാംഭാവവുമായോ, ഭാവാധിപനുമായോ ബന്ധപ്പെടുന്നെങ്കില്‍ പൊരുത്ത പരിശോധനയില്‍ പരിഹാര ഗ്രഹസ്‌ഥിതി ഉണ്ടോയെന്ന്‌ നോക്കണം. കൂടാതെ മേല്‍പറഞ്ഞ ഭാവങ്ങളുമായി കളത്രകാരനായ ശുക്രന്‌ ദോഷകരമായ ബന്ധമുണ്ടെങ്കില്‍ വിവാഹബന്ധത്തില്‍ ശത്രുതവരാനുള്ള സാധ്യതയുണ്ടെന്ന്‌ കാണണം.

പൊരുത്തം നോക്കുന്ന അവസരത്തില്‍ ഉത്തരവാദിത്വബോധമുള്ള ദൈവജ്‌ഞന്‍ വിവാഹപ്രശ്‌നം കൂടെ നോക്കി ഉറപ്പുവരുത്തേണ്ടതാണ്‌. വിവാഹപ്രശ്‌നത്തില്‍ സ്‌ത്രീയുടേയും പുരുഷന്റേയും നാളും പേരും സങ്കല്‌പിച്ച്‌ ആരൂഢം എടുക്കണം. വിവാഹപ്രശ്‌നം വധു പ്രധാനമാണ്‌. പ്രശ്‌നാരൂഢംകൊണ്ട്‌ വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട്‌ വരന്റെ ലക്ഷണങ്ങളെയും ചിന്തിക്കണം.

രണ്ടാംഭാവംകൊണ്ട്‌ വരന്റെ ലക്ഷണങ്ങളെയും ചിന്തിക്കണം. രണ്ടാംഭാവംകൊണ്ട്‌ വധുവിന്റെ കുടുംബജീവിതത്തേയും എട്ടാംഭാവംകൊണ്ട്‌ വധുവിന്റെ കുടുംബജീവിതത്തേയും എട്ടാംഭാവംകൊണ്ട്‌ ഭര്‍ത്താവിന്റെ കുടുംബത്തേയും ചിന്തിക്കണം. ശുക്രനും ഏഴാം ഭാവാധിപതിയും 3, 4, 10, 11 ഭാവങ്ങളില്‍ നിന്നാല്‍ വിവാഹശേഷം ദമ്പതികള്‍ക്ക്‌ ഐശ്വര്യം വര്‍ദ്ധിക്കും. ഇവര്‍ കേന്ദ്രങ്ങളിലും ത്രികോണങ്ങളിലും നിന്നാലും ഐശ്വര്യം വര്‍ദ്ധിക്കും.

അഞ്ചാംഭാവാധിപതിയോ, വ്യാഴനോ 3, 5, 10, 11 ഭാവങ്ങളില്‍ നിന്നാല്‍ സന്താനലബ്‌ധി ഉണ്ടാവുകയും ഐശ്വര്യാഭിവൃദ്ധിയുണ്ടാവുകയും ചെയ്യും.

ഉദയം, ആരൂഢങ്ങളില്‍ നിന്നും 3, 6, 10, 11, 2, 7 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ ശുഭദൃഷ്‌ടിയോടെ നില്‍ക്കുന്നത്‌ വളരെ അനുകൂലമായി കാണണം.

ജ്യോതിഷശാസ്‌ത്രത്തില്‍ നൈപുണ്യവും സ്വഭാവശുദ്ധിയുമുള്ള ദൈവജ്‌ഞന്‍ പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങാതെ ജാതകങ്ങള്‍ പരിശോധിച്ച്‌ എടുക്കുന്ന തീരുമാനം ശരിയായിവരും. പൊരുത്ത പരിശോധനയില്‍ അവശ്യം വേണ്ട സൂക്ഷ്‌മതകള്‍ പുലര്‍ത്തിയാല്‍ ദാമ്പത്യകലഹവും തുടര്‍ന്നുള്ള വേര്‍പിരിയലും ഒഴിവാക്കാന്‍ ജ്യോതിഷികള്‍ക്ക്‌ തീര്‍ച്ചയായും സാധിക്കുന്നതാണ്‌.