Today rahulgandi go for kannada

പ്രധാനമന്ത്രിയല്ല, രാജ്യമാണ് വലുതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി

Featured, National

ഇന്ത്യയേക്കാള്‍ വലുതല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന കാര്യം നരേന്ദ്ര മോദി മനസിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ യെദ്യൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെ ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. കൊലപാതകത്തില്‍ ആരോപണവിധേയനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഈ അമിത് ഷായുടെ നേതൃത്വത്തിലാണ് കര്‍ണാടയില്‍ കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമം നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനും ഏകാധിപതിയുമാണ്. കര്‍ണാടകയിലെ കുതിരക്കച്ചവടം നേരിട്ട് നിയന്ത്രിച്ചത് മോദിയാണ്. പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നു എന്ന് പറയുന്നത് തെറ്റാണെന്നും മോദി തന്നെയാണ് വലിയ അഴിമതിയെന്നും പറഞ്ഞ രാഹുല്‍, എന്നാല്‍ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കണ്ടതെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് പണമല്ല വലുതെന്നും ജനാഭിലാഷത്തിനാണ് ഇവിടെ പണത്തിനേക്കാള്‍ പ്രാധാന്യമെന്നുമുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മോദിയും അമിത് ഷായും മറ്റ് ബിജെപി നേതാക്കളുമെല്ലാം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെവരെ പുച്ഛത്തോടെയാണ് നോക്കി കാണുന്നത് എന്ന് കര്‍ണാടക തെരഞ്ഞെടുപ്പോടെ വ്യക്തമായി. വിധാന്‍ സൗധയിലെ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പ്തന്നെ ദേശീയ ഗാനാലാപനത്തിന് പോലും നില്‍ക്കാതെ പ്രോടെം സ്പീക്കറും ബിജെപി എംഎല്‍എമാരും സഭ വിട്ടത് ഇതിന് തെളിവാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ബിജെപിയും ആര്‍എസ്‌എസും പാഠം പഠിക്കണമെന്നും മോദിയുടേത് ജനാധിപത്യഭരണമല്ല സ്വേച്ഛാധിപത്യ ഭരണമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.