മദ്യനയം: ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ

Featured, News

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിൻെറ  മദ്യനയം സംബന്ധിച്ച് ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടതുപക്ഷ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണെന്നും അത്തരം പ്രത്യയശാസ്ത്രത്തിന് കേരളത്തിലെ വികസനത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നയിച്ച ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

ഉമ്മൻചാണ്ടി സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി. കേരളത്തിലെ ജനങ്ങൾ ഉമ്മൻചാണ്ടിയുടെ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസ് അഴിമതിക്ക് അവസരം നൽകില്ല. നരേന്ദ്ര മോദി സ്റ്റാർട്ട് അപ്പിനെ പറ്റി പറയുന്നതിന് മുമ്പ് അത് നടപ്പാക്കിയ നേതാവാണ് ഉമ്മൻചാണ്ടി. കേരളത്തിനെ വികസനത്തിലേക്ക് നയിക്കാൻ യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാറിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. നരേന്ദ്ര മോദി സർക്കാറിന് പാവങ്ങളുടെ പ്രശ്നങ്ങളിൽ താത്പര്യമില്ല. കർഷകരുടെ ആത്മഹത്യ വർധിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

നേരത്തെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി സമ്മേളനം നടക്കുന്ന ശംഖുമുഖം കടപ്പുറത്ത് എത്തിയത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആൻറണി, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. കേരളത്തിൻെറ ചുമതലയുള്ള മുകുൾ വാസ്നികും സമ്മേളനത്തിൽ പങ്കെടുത്തു.