മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് മേയ് 18 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

Auto, Featured

ന്യൂഡല്‍ഹി : മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് മെയ് 18ന് ഇന്ത്യന്‍ റോഡുകളിലെത്തും. മെഴ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വി ആയ ജിഎല്‍-ക്ലാസിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ജിഎല്‍എസ്. ഔദ്യോഗികമായി വില പുറത്തുവിട്ടിട്ടില്ലെങ്കിലും 80 ലക്ഷം മുതല്‍ 1.5 കോടിവരെയാണ് ജിഎല്‍എസിന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

ജിഎല്‍-ക്ലാസില്‍നിന്ന് സൗന്ദര്യപരമായ മുഖംമിനുക്കലുകള്‍ ജിഎല്‍എസില്‍ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉള്‍ഭാഗത്ത് വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങളാണ് എടുത്തുപറയേണ്ടത്.
ബോണറ്റ്, സില്‍വര്‍ ലോഗോ എന്നിവയും പരിഷ്‌കരിച്ച മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്‌ലൈറ്റുമാണ് കാറിന്റെ മുന്‍ഭാഗത്ത് വരുത്തിയിരിക്കുന്ന പ്രധാന  മാറ്റങ്ങള്‍. അല്‍പം വലിപ്പം കൂടുതലുള്ള മുന്‍വശത്തെ ബംപര്‍ ജിഎല്‍എസിന് കൂടുതല്‍ ഗാംഭീര്യം നല്‍കുന്നുണ്ട്. പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ്, ചെറിയ മാറ്റങ്ങളോടെയുള്ള ബംപര്‍ എന്നിവയാണ് പിന്‍വശത്ത് വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. വാഹനത്തിന്റെ വശങ്ങളില്‍  പരിഷ്‌കാരങ്ങളൊന്നും വരുത്തിയിട്ടില്ല.

ജിഎല്‍എസിന്റെ ഉള്‍ഭാഗത്തിനാണ് കാര്യമായ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളത്. നാപ്പ ലതര്‍ കവറുള്ള ത്രീ-സ്‌പോക് സ്റ്റിയറിംഗ് വീല്‍ ആണ് ജിഎല്‍എസില്‍  ഉള്ളത്. ഉള്‍ഭാഗത്തെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ഒരു അയണൈസേഷന്‍ സംവിധാനവും പ്രത്യേക ഓപ്ഷനായി നല്‍കിയിട്ടുണ്ട്. മൂന്ന് നിരകളായി ക്രമീകരിച്ചിരിക്കുന്ന 7 സീറ്റുകളുടെ വിന്യാസത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ലതര്‍, വുഡ് തുടങ്ങിയവകൊണ്ടുള്ള ഉള്‍ഭാഗമാണ് ജിഎല്‍എസിന്റേത്. കൊളിഷന്‍ പ്രിവന്‍ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ജിഎല്‍എസില്‍ ഉണ്ട്.