യൂറോ കപ്പ്‌ : ഐസ്‌ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

Featured, Sports

പാരിസ്:  ഐസ്‌ലന്‍ഡിന്റെ യൂറോ കപ്പിലെ സ്വപ്‌നക്കുതിപ്പിന് ക്വാര്‍ട്ടറില്‍ അന്ത്യം. ആതിഥേയരായ ഫ്രാന്‍സിന് മുന്നില്‍ പതറിപ്പോയ ഐസ്‌ലന്‍ഡ് മൂന്ന് ഗോളിനാണ് തോല്‍വി വഴങ്ങിയത്. യൂറോ കപ്പിലെ ഇതുവരെയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍മഴ കണ്ട മത്സരത്തില്‍ ഒട്ടും ദയയില്ലാതെയാണ് ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെ ചുട്ടുപൊള്ളിച്ചത്(Euro cup France in semi quarter ).
ജിറൗഡിനെ ഗ്രിസ്മാനെയും മുന്നേറ്റമേല്‍പ്പിച്ച ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷംപ്‌സ് ഇരുവിങ്ങുകളിലുമായി സിസോകുവിനെയും പയെറ്റിനെയും അണി നിരത്തിയാണ് ടീമിനെ കളത്തിലിറങ്ങിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിറം മങ്ങിപ്പോയ പോള്‍ പോഗ്ബ ഫോമിലേക്കെത്തിയതിനോടൊപ്പം ഒളിവര്‍ ജിറൗഡിന്റെ ഇരട്ട ഗോളും ഫ്രാന്‍സിന്റെ വിജയത്തിന് മധുരമേകി.

france france 2

കളി തുടങ്ങി 12ാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് വരവറിയിച്ചു. മറ്റൗഡി നല്‍കിയ ലോങ് പാസ്സ് ഗോള്‍കീപ്പര്‍ ഹാല്‍ഡോഴ്‌സണെ മറികടന്ന് ഇടങ്കാല് കൊണ്ട് വലയിലെത്തിച്ച ഒളിവര്‍ ജിറൗഡ് ഐസ്‌ലന്‍ഡിനെ ഞെട്ടിച്ചു. ആ ഗോളിന്റെ ആഘാതം തീരും മുമ്പ് എട്ട് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഫ്രഞ്ച് പട ഇരച്ചെത്തി. ഇത്തവണ ദൗത്യം (Euro cup France in semi quarter )പൂര്‍ത്തിയാക്കിയത് പോള്‍ പോഗ്ബയാണ്. അന്റോണിയോ ഗ്രിസ്മാന്റെ കോര്‍ണര്‍ കിക്ക് ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്ത പോഗ് ബക്ക് പിഴച്ചില്ല.

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു അടുത്ത രണ്ട് ഗോളുകളും പിറന്നത്. 43ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ നിന്നും ഉയര്‍ന്നു വന്ന ക്രോസ് ഗ്രിസ്മാന്റെ കാലുകളിലേക്കാണെത്തിയത്. എന്നാല്‍ ഗ്രിസ്മാന്‍ അത് തൊട്ടടുത്ത് നിന്ന പയെറ്റിന് പാസ്സ് ചെയ്തു. ഡിഫന്‍ഡേഴ്‌സിന് ഇടയിലൂടെ ആ പന്ത് പയെറ്റ് ഐസ്‌ലന്‍ഡിന്റെ വലയിലെത്തിച്ചു. രണ്ട് മിനിറ്റിന് ശേഷം ഗ്രിസ്മാന്റെ ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ ഫ്രാന്‍സ് നാല് ഗോളിന്റെ ലീഡ് നേടി. പോഗ്ബ നല്‍കിയ ലോങ് പാസ് ഗ്രിസ്മാന്റെ കാലുകളെ കണക്കാക്കിയാണ് എത്തിയത്. അതോടെ പന്തുമായി കുതിച്ച ഗ്രിസ്മാന്‍ അഡ്വാന്‍ഡ് ചെയ്ത് നിന്ന ഗോളിയെ കബളിപ്പിച്ച് ഈ യൂറോ കപ്പിലെ നൂറാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ച ഐസ്‌ലന്‍ഡിന് അതിന്റെ ഫലം ലഭിച്ചു. മനോഹരമായ പരസ്പരമുള്ള പാസ്സിങ്ങിന് ശേഷം സിഗുര്‍ഡ്‌സണ്‍ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ സിഗ്‌തോഴ്‌സണ് ഒന്നു കാലു വെക്കേണ്ടതേ വന്നുള്ളൂ. 59ാം മിനിറ്റില്‍ ദിമിത്രി പയെറ്റിന്റെ ക്രോസില്‍ കൃത്യമായി ഹെഡ്ഡ് ചെയ്ത് ഒളിവര്‍ ജിറൗഡ് ഫ്രാന്‍സിന്റെ ജയമുറപ്പിച്ച ഗോള്‍ നേടി(Euro cup France in semi quarter ). ജിറൗഡിന്റെ മത്സരത്തിലെ രണ്ടാം ഗോളായിരുന്നു അത്. തുടര്‍ന്ന് ഐസ്‌ലന്‍ഡ് അവസാന ഘട്ടത്തില്‍ മത്സരത്തിലേക്ക് തിരിച്ചു വരാന്‍ നോക്കിയെങ്കിലും കളി കൈവിട്ടു പോയിരുന്നു. 84ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് ആരാധകര്‍ക്ക് ആഹ്ലാദ നിമിഷം സമ്മാനിച്ചു, ബര്‍നാസെണിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ.

വ്യാഴാഴ്ച്ച രാത്രി 12.30ന് മാഴ്‌സല്ലെ സ്റ്റേഡിയത്തില്‍ ജര്‍മ്മനിയുമായാണ് ഫ്രാന്‍സിന്റെ സെമിഫൈനല്‍.