വിവാഹപ്പൊരുത്തവും സംഖ്യാജ്യോതിഷവും വിവാഹത്തീയതിയും –

Astro

12 രാശികളിലായി നില്‍ക്കുന്ന ഗ്രഹങ്ങളുടെ അടിസ്‌ഥാനത്തില്‍ തന്നെയാണ്‌ ഓരോ ജന്മവും. പലപ്പോഴും ജ്യോതിഷം തെറ്റിദ്ധരിക്കപ്പെടുന്നു. ഈ യാന്ത്രികയുഗത്തില്‍ മനുഷ്യന്‌ ഒന്നിനും സമയമില്ല. ഓടുകയാണ്‌ നിര്‍ത്താതെ.

അവിടെ അപ്രതീക്ഷിതമായി രോഗങ്ങളും നഷ്‌ടങ്ങളും അപകടങ്ങളും വരുമ്പോള്‍ മാത്രം കാരണമനേ്വഷിച്ച്‌ ധൃതിയില്‍ ജ്യോതിഷനെ സമീപിക്കും.

വിവാഹം സ്വര്‍ഗത്തില്‍ നിശ്‌ചയിക്കപ്പെടുന്നുവെന്നും, സ്വര്‍ഗത്തില്‍ നടത്തപ്പെടുന്നുവെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഇന്ന്‌ ഭൂമിയില്‍ നടത്തപ്പെടുന്ന പല വിവാഹബന്ധങ്ങളും തകരുന്നു.

വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ചിന്തിക്കുന്ന ഒന്നാണ്‌ ”പാപസാമ്യം.” എത്ര ‘പാപി’കള്‍ ഉണ്ടെന്നാണ്‌ ആദ്യം നോക്കുന്നത്‌. ഉദാഹരണമായി 7-ല്‍ ചൊവ്വ എന്ന ‘ചൊവ്വാദോഷ”മുള്ള സ്‌ത്രീ ജാതകത്തിന്‌ ‘പാപസാമ്യ’മായി 7-ല്‍ കേതുവോ, രാഹുവോ, ശനിയോ ഉള്ള പുരുഷജാതകം കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുന്ന ഒരു സമ്പ്രദായം വ്യാപകമായുണ്ട്‌. ഇതുപോലെതന്നെയാണ്‌ 5-ല്‍ കേതുവെങ്കില്‍ 5-ല്‍ രാഹു.

12-ല്‍ രാഹുവെങ്കില്‍ 12-ല്‍ കേതു… ഇങ്ങനെയുള്ള ‘പാപി’കളെ ഒന്നാക്കുമ്പോള്‍ അതിനര്‍ത്ഥം കല്‍പ്പിക്കേണ്ടത്‌, രണ്ടു കണ്ണും നഷ്‌ടമായ സ്‌ത്രീക്ക്‌ രണ്ട്‌ കണ്ണും നഷ്‌ടമായ പുരുഷന്‍ എന്നല്ലേ.

5-ല്‍ ശനിയോ, രാഹുവോ നില്‍ക്കുന്ന സ്‌ത്രീക്കും പുരുഷനും സന്താനഭാഗ്യം കുറവാകുമെന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ അതിനെ ക്രമീകരിക്കാന്‍ അതുപോലെ 5-ല്‍ രാഹുവോ കേതുവോ നില്‍ക്കുന്ന ഒരു ജാതകം ബന്ധപ്പെടുത്തിക്കൊടുക്കുകയെന്നത്‌ തീരെ ശരിയായ കാര്യമല്ല.

ഏഴില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നത്‌ ദാമ്പത്യസുഖഹാനിയുണ്ടാക്കാം എന്നിരിക്കേ അതേപോലെ യോഗമുള്ള ഒരു വ്യക്‌തിയുമായി ബന്ധപ്പെടുത്തുമ്പോള്‍ സര്‍വ്വനാശമല്ലേ സംഭവിക്കുക? ഇതാണ്‌ ഇപ്പോള്‍ പലയിടത്തും അനുവര്‍ത്തിച്ചുവരുന്ന രീതി.

ശുഭഗ്രഹങ്ങള്‍ ശുഭഫലങ്ങളെ നല്‍കുകയും അശുഭഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ പാപഗ്രഹങ്ങള്‍ അശുഭഫലങ്ങള്‍ നല്‍കുകയും ശുഭഫലങ്ങള്‍ തടയുകയും ചെയ്യുന്നു.

അതായത്‌ രണ്ട്‌ ജാതകത്തിലെയും ഏഴിലെ പാപഗ്രഹങ്ങള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ദാമ്പത്യസുഖഭംഗം ഉണ്ടാക്കുന്നു എന്നര്‍ത്ഥം. ഇതിന്‌ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമാണ്‌. അവ താഴെപ്പറയും വിധമാണ്‌.

ഒന്ന്‌: നവഗ്രഹസങ്കല്‍പ്പത്തില്‍ ഒരു ഗ്രഹവും പാപിയല്ല. ഗ്രഹങ്ങള്‍ അവരവര്‍ക്ക്‌ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്നുവെന്ന്‌ മാത്രം.

രണ്ട്‌: ഏഴാം ഭാവത്തില്‍ ‘പാപഗ്രഹം’ നില്‍ക്കുന്ന സ്‌ത്രീയോ, പുരുഷനോ ഏഴാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്ന ജാതകം പൊരുത്തമായിരിക്കും.

മൂന്ന്‌: ഏതെങ്കിലും ജാതകന്റെ വിവാഹസ്‌ഥാനത്ത്‌ ഏതെങ്കിലും ഗ്രഹം, പ്രത്യേകിച്ച്‌ ചൊവ്വ നില്‍ക്കുകയാണെങ്കില്‍ വിവാഹതടസ്സത്തിനോ, ദാമ്പത്യസുഖഭംഗത്തിനോ, വൈധവ്യത്തിനോ കാരണമാകാം എന്ന്‌ പറയുന്നുണ്ട്‌.

അങ്ങനെയൊരു അവസ്‌ഥ (ഗ്രഹനില) ജാതകന്‌ ഉണ്ടാകണമെങ്കില്‍ ആ വ്യക്‌തിയുടെ മുജ്‌ജന്മ കര്‍മ്മംകൊണ്ടാകാം. ആരുടെയെങ്കിലും വിവാഹം മുടക്കുകയോ ദാമ്പത്യസുഖഭംഗം വരുത്തുകയോ ചെയ്‌താലും ഇതാകും ഫലം.

8-ല്‍ ചൊവ്വയാണെങ്കില്‍ അത്‌ ദമ്പതികളെ വേര്‍പെടുത്തുകയോ, മരണ കാരണമാകുകയോ ചെയ്യാം. ഏഴില്‍ സര്‍പ്പം (രാഹു) മിഥുനരാശിയില്‍ വരുകയാണെങ്കില്‍, മുജ്‌ജന്മത്തിലോ പൈതൃകകര്‍മ്മം വഴിയോ ഇണചേരുന്ന സര്‍പ്പത്തെയോ ദമ്പതികളെയോ വധിച്ചതായും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏഴില്‍ കേതുവിന്റെ സൂചന വിവാഹ തടസ്സവും വിരക്‌തിയുമാണ്‌. ഇതും മേലെ എഴുതിയപോലെ ആരുടെയെങ്കിലും വിവാഹജീവിതത്തിന്‌ തടസ്സം ചെയ്‌തതിന്റെ ഫലമാകാം. ഗ്രഹനിലയില്‍ ഗുളികന്‍ നില്‍ക്കുന്ന സ്‌ഥാനംകൊണ്ട്‌ ഇതെല്ലാം കണ്ടെത്താന്‍ കഴിയും. പരിഹാരവും ചെയ്യാം.

ഇപ്പോള്‍ നടക്കുന്ന രീതി സ്‌ത്രീയുടെ 7-ല്‍ പാപഗ്രഹമുണ്ടെങ്കില്‍ ക്രൂരസ്വഭാവമുണ്ടാകാമെന്നും അതിനെ അടക്കാനായി 7-ല്‍ പാപഗ്രഹമുള്ള ഒരു പുരുഷന്‍ തന്നെ വേണമെന്നുമാണ്‌. ഇത്‌ ശരിയല്ലാത്ത നിഗമനമാണ്‌.

പൊരുത്തം നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെക്കാള്‍ ഉപരിയായി പ്രാധാന്യം കല്‍പ്പിക്കേണ്ട പല കാര്യങ്ങളുമുണ്ട്‌. അതില്‍ മുഖ്യമായത്‌ സംഖ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ടതാണ്‌.

പുരുഷനോ, സ്‌ത്രീയോ ജനിച്ച തീയതി 9, 18, 27 ആണെങ്കിലും അവരുടെ വിധിസംഖ്യ 9 (ദിവസം, മാസം, വര്‍ഷം എന്നിവ കൂട്ടിവരുന്ന സംഖ്യ) ആണെങ്കിലും മറുവശത്ത്‌ ജനനത്തീയതിയോ, വിധിസംഖ്യയോ 2, 11, 20, 29 എന്നിവയാണെങ്കിലും അവര്‍ വിവാഹിതരായാല്‍ മറ്റു പൊരുത്തങ്ങള്‍ ശരിയായാലും സന്തോഷകരമായ ഒരു ദാമ്പത്യജീവിതം പ്രയാസമാണ്‌.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്കോ, വിധിസംഖ്യ രണ്ട്‌ ആയിവരുന്നവര്‍ക്കോ 18, 27, 36 തുടങ്ങിയ 9 ന്റെ കൂട്ടുസംഖ്യകളില്‍ പേര്‌ വരുന്നവര്‍ക്കോ ജീവിതം സുഖകരമാകില്ല. 9, 18, 27 എന്നിവ ജനനസംഖ്യ ആയി വരുന്നവര്‍ക്ക്‌ 11, 20, 29, 38, 47 തുടങ്ങിയ രണ്ടിന്റെ കൂട്ടുസംഖ്യകള്‍ നാമസംഖ്യയായി വരുന്നവരുമായുള്ള ദാമ്പത്യജീവിതവും സുഖകരമാവില്ല.

വിവാഹത്തീയതി 2, 11, 20, 29 ആയി വന്നാലും ശക്‌തമായ ദോഷങ്ങള്‍ അനുഭവപ്പെടാം. പൊരുത്തം ഉത്തമമായാലും മേല്‍പ്പറഞ്ഞ തീയതികളില്‍ ജനിച്ച വ്യക്‌തികളുടെ ജാതകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ, ആ തീയതികളില്‍ വിവാഹം നടക്കുകയോ ചെയ്‌താല്‍ വിവാഹമോചനം നടക്കുവാന്‍ വളരെയേറെ സാധ്യതകളുണ്ട്‌.

9, 18, 27 തീയതികളില്‍ ജനിച്ച സ്‌ത്രീകളും അതേ തീയതിയില്‍ത്തന്നെ ജനിച്ച പുരുഷന്മാരും വിവാഹിതരായാല്‍ നാമസംഖ്യ ശരിയല്ലെങ്കില്‍ കുടുംബത്തില്‍ ഐക്യം ഉണ്ടാകില്ല. കാരണം ‘9’ എന്ന സംഖ്യ അതിശക്‌തമായതാണ്‌. രണ്ടുപേരും 9-ല്‍ വന്നാല്‍ ആരും വിട്ടുകൊടുക്കില്ല. അതുകൊണ്ട്‌ കുടുംബത്തില്‍ സമാധാനം നഷ്‌ടപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്‌.

ഇതുപോലെയാണ്‌ ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ 7, 16, 25 ആണെങ്കിലും അതിന്റെ കൂട്ടുസംഖ്യകളാണെങ്കിലും ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയാനോ, വിദേശവാസംകൊണ്ട്‌ വിരക്‌തിയാകാനോ കാരണമാകാം. വൈഡൂര്യം എന്ന രത്നം ധരിച്ചാല്‍ ഇത്‌ പൂര്‍ണ്ണമായും വിരക്‌തിയിലേക്ക്‌ നയിക്കും. വിവാഹമോചനംവരെ നടക്കാം.

8, 17, 26 തീയതികള്‍ വിവാഹത്തീയതിയായി വന്നാല്‍ ആ വിവാഹംകൊണ്ട്‌, ദമ്പതികളുടെ പൈതൃക-മുജ്‌ജന്മ കര്‍മ്മഫലമനുസരിച്ച്‌, സുഖകരമല്ലാത്ത ഒരു ദാമ്പത്യജീവിതം, ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതം എന്നിവ ഉണ്ടാകാനും സാധ്യതകളുണ്ട്‌.