സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തി ഭോപാല്‍ ജയിലില്‍ നിന്നും എട്ട് സിമി ഭീകരര്‍ രക്ഷപ്പെട്ടു

Featured, News

ന്യൂഡല്‍ഹി: ഇന്ത്യയിലെ  നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍പ്പെട്ട എട്ട് ഭീകരര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപെട്ടു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഭീകരര്‍ ജയില്‍ ചാടിയത്.  തടവുകാർ ചേർന്ന് ജയിൽ ഗാ‌ർഡിനെ മർദ്ദിച്ച ശേഷം സ്‌റ്റീൽ പ്ളേറ്റും കണ്ണാടിച്ചില്ലും ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന ശേഷം കിടക്കവിരികൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി ജയിലിന്റെ മതിൽ ചാടുകയായിരുന്നെന്ന് ഡി.ഐ.ജി രമൺ സിംഗ് പറഞ്ഞു.   തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് എട്ടുപേര്‍ ജയില്‍ ചാടിയതെന്ന്  ഡി.ഐ.ജി രമണ്‍ സിങ് അഭിപ്രായപ്പെട്ടു .SIMI activists escape

അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഭീകരരെ പാര്‍പ്പിച്ചിരുന്നത്. രമാകാന്ത് എന്ന ജയില്‍ ജീവനക്കാരനാണ് ഭീകരരുടെ ജയില്‍ ചാട്ടത്തിനിടെ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   ഭീകരര്‍ക്കുവേണ്ടി പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപെട്ട സിമി ഭീകരര്‍. ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലായില്‍ ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ കോടതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.  SIMI activists escape

മധ്യപ്രദേശിലെ ജയിലില്‍നിന്ന് സിമി ഭീകരര്‍ ജയില്‍ചാടുന്ന സംഭവങ്ങള്‍ ആദ്യമല്ല. 2013 ല്‍ ആറ് സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജില്ലാ ജയിലില്‍നിന്ന് രക്ഷപെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ അക്രമിച്ച ശേഷമായിരുന്നു അന്നും ജയില്‍ചാട്ടം. ശൗചാലയത്തിന്റെ ഭിത്തി തുരന്ന് പുറത്തിറങ്ങിയശേഷം കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ചാടിയാണ് അന്ന് ഭീകരര്‍ രക്ഷപെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കും വയര്‍ലെസ് സെറ്റും മോഷ്ടിച്ചുകൊണ്ടായിരുന്നു ജയില്‍ചാട്ടം. എന്നാല്‍ എല്ലാവരും വൈകാതെ പിടിയിലായിരുന്നു. ഇപ്പോൾ ജയിൽ ചാടിയവരിൽ നാലു പേർ 2013ൽ മദ്ധ്യപ്രദേശിലെ തന്നെ ഖന്ധ്‌വ ജയിലിൽ നിന്ന് രക്ഷപ്പെട്ടവരാണ് .തടവുകാർക്ക് ജയിൽ ഉദ്യോഗസ്ഥരിൽ നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. സംഭവത്തെ തുടർന്ന് ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതൽ ജീവനക്കാരെ ജയിലിലേക്ക് നിയോഗിച്ചിട്ടുണ്ട്.SIMI activists escape