സൈക്കിള്‍ യാത്രയെ പ്രണയിച്ച പെണ്‍ക്കുട്ടി

Life

അങ്ങനെ വലിയ ഒരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു ചെറിയ ഹെല്‍മറ്റും സൈക്കിളിന്‍റെ ക്യാരിയറിനിരുവശത്തുമായി തൂക്കിയിട്ട രണ്ടു ബാഗുകളുമായി പെട്ടെന്നൊരു ദിവസമായിരുന്ന പ്രിസില്ലിയ മദന്‍ യാത്ര തുടങ്ങിയത്. അതിനു ശേഷം പതിനെട്ടു ദിനരാത്രങ്ങള്‍ മുംബൈയില്‍ നിന്നും സൈക്കിള്‍ ചവിട്ടി കന്യാകുമാരിയുടെ തീരത്തോളം എത്തി നില്‍ക്കുകയാണിപ്പോള്‍ പ്രിസില്ലിയ എന്ന 22കാരിയുടെ യാത്ര.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മലഞ്ചെരിവുകളിലൂടെയും കുണ്ടും കുഴിയും നിറഞ്ഞ വെട്ടുവഴികളിലൂടെയും വാഹനങ്ങളൊഴിയാത്ത തിരക്കേറിയ പാതകളിലൂടെയുമെല്ലാം പ്രിസ്സില്ലിയ സൈക്കിള്‍ ചവിട്ടി.

എന്തിനാണെന്നു ചോദിച്ചാല്‍ ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ കാടും മലയും കേറി യാത്ര ചെയ്യാന്‍ കഴിയുമെന്ന് ചുറ്റുമുള്ളവരെല്ലാം അറിയിക്കാനാണെന്ന് പറയും പ്രിസില്ലിയ. നമ്മുടെ പെണ്‍കുട്ടികളുടെ ലോകം ഇപ്പോഴും വീട്ടില്‍ നിന്നും കോളെജ് വരെയാണ്. അതിനപ്പുറം സഞ്ചരിക്കാനും ലോകം കാണാനുമെല്ലാം കൂടുതല്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു പ്രിസില്ലിയ. യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടൊപ്പം സൈക്കിള്‍ യാത്ര തനിക്കു മറ്റു ചില ഗുണങ്ങള്‍ കൂടി നല്‍കിയെന്ന് പ്രിസില്ലിയ. പഴയതിനേക്കാള്‍ ക്ഷമയുള്ളവളായി മാറി, പഴയതിനേക്കാള്‍ നന്നായി മറ്റുള്ളവരോട് സംസാരിക്കാന്‍ കഴിവുള്ളവളായി അങ്ങനെ എത്രയെത്ര ഗുണങ്ങള്‍. സഞ്ചാരത്തിനിടെ പറ്റാവുന്നത്രയും കോളെജുകളില്‍ കയറി പെണ്‍കുട്ടികളുമായി സംസാരിക്കുന്നതിനുള്ള സമയവും കണ്ടെത്തി പ്രിസില്ലിയ.

യാത്രയുടെ വിശദാംശങ്ങള്‍ കുറിക്കുന്നതിനായി ഐ പ്രൈഡ് എന്ന പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജും തുടങ്ങിയിരുന്നു. ഒറ്റക്കുള്ള യാത്രയില്‍ താന്‍ എവിടെയെത്തി, എവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി കുറിക്കുകയും ചെയ്തിരുന്നു.
ഇതിനു മുന്‍പു കുല്ലുവില്‍ നിന്നു കാര്‍ഡങ്ലായിലേക്ക് അറുന്നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്ത് ലിംക ബുക്ക് ഒഫ് റെക്കോഡ്സില്‍ പേരു കുറിച്ചിരുന്നു. പിന്നീട് പാന്‍വേലില്‍ നിന്നും പുരിയിലേക്ക് 2200 കിലോമീറ്റര്‍ യാത്രയും ചെയ്തിരുന്നു.

ഇത്രയും കാലത്തെ യാത്രക്കിടയില്‍ ഒരിക്കല്‍ പോലും താന്‍ സുരക്ഷിതയല്ലയെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നു പറയുന്നു പ്രിസില്ലിയ. തന്‍റെ യാത്രയെക്കുറിച്ചറിയാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. ചിലര്‍ വീട്ടിലേക്കു ക്ഷണിക്കുകയും വീട്ടിലുള്ള സ്ത്രീകളുമായി സംസാരിക്കണമെന്നാവശ്യപ്പെടുകയും ചെയ്യും. അത്രയും നാളുകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ താമസിക്കേണ്ടി വന്നിട്ടില്ല പ്രിസില്ലിയക്ക്. താമസമെല്ലാം വഴിയോരത്തെ അപ്പോള്‍ മാത്രം പരിചയപ്പെട്ട ആരുടെയെങ്കിലും വീട്ടിലായിരിക്കും. നാട്ടുകാരുമായി കൂടുതല്‍ പരിചയപ്പെടുന്നതിന് അതു സഹായിക്കുമായിരുന്നു.