സോളാർ കേസ് : പ്രതിപക്ഷത്തോട് സഹതാപമെന്ന് ആന്റണി

Featured, News

തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണി രംഗത്ത്. ക്രിമിനൽ കേസിലെ പ്രതിയായ ഒരാൾ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത പ്രതിപക്ഷത്തോട് സഹതാപമാണുള്ളതെന്ന് ആന്റണി പറഞ്ഞു. കേസിലെ പ്രതിയുടെ വാക്കുകളെ ആ നിലയ്ക്ക് മാത്രമെ ജനങ്ങൾ കാണുകയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു, സോളാർ കേസിലെ മറ്റൊരു പ്രതി സരിത എസ്.നായരെ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജുവിന്റെ ആരോപണം. കേസിലെ പ്രതിയുടെ വാക്കുകൾ ഏറ്റുപിടിക്കുന്ന മാദ്ധ്യമങ്ങൾ ഗൃഹപാഠം ചെയ്യണമെന്നും ആന്റണി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ച പുതിയ പാർട്ടി യു.ഡി.എഫിന് ഒരിക്കലും ഭീഷണി അല്ലെന്നും ആന്റണി പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. ആർ.എസ്.എസ് അ‌ജണ്ടയുടെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടി. അമിത ആത്മവിശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.