The hologram papers for the higher secondary exam are leaked

ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഹോളോഗ്രാം കടലാസുകള്‍ ചോര്‍ന്നു

Featured, Local

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയ്ക്കു വിതരണം ചെയ്യേണ്ട ഹോളോഗ്രാം മുദ്രയുള്ള ഉത്തരക്കടലാസുകള്‍ ചോര്‍ന്നു. പൊതുപരീക്ഷയ്ക്കു മുമ്ബുള്ള ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍നിന്ന് ഇവ ദേഹപരിശോധനയില്‍ പിടിച്ചെടുത്തതോടെയാണു സംഭവം പുറത്തായത്. പൊതുപരീക്ഷപോലും അട്ടിമറിക്കത്തക്ക രീതിയിലാണു സുരക്ഷാമുദ്രയുള്ള ഉത്തരക്കടലാസുകള്‍ ചോര്‍ന്നത്.

കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു പൊതുപരീക്ഷയ്ക്ക് ഉപയോഗിക്കേണ്ട ഉത്തരക്കടലാസ് ക്ലാസ് പരീക്ഷയ്ക്കു വിതരണം ചെയ്തത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഹോളോഗ്രാം മുദ്രയുള്ള 4,500-ല്‍ ഏറെ കടലാസുകളാണു ദുരുപയോഗം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ പൊതുപരീക്ഷയ്ക്കായി നല്‍കിയതാണിവ. പൊതുപരീക്ഷയ്ക്കു നല്‍കുന്ന ഉത്തരക്കടലാസ് അധികമുണ്ടെങ്കില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ മടക്കിനല്‍കുകയോ പ്രിന്‍സിപ്പല്‍ സൂക്ഷിക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യണമെന്നാണു വ്യവസ്ഥ. കൊല്ലത്തെ സ്കൂളില്‍ ഇപ്രകാരം പ്രിന്‍സിപ്പല്‍ സൂക്ഷിച്ച ഉത്തരക്കടലാസുകളാണ് ഓണം, ക്രിസ്മസ് പരീക്ഷകള്‍ക്കും ക്ലാസ് പരീക്ഷയ്ക്കും വരെ വിതരണം ചെയ്തത്.

പൊതുപരീക്ഷയ്ക്കു മുമ്ബ് ലാബ് പരീക്ഷ നടക്കുമ്ബോഴാണു സംഭവം പുറത്തായത്. വിദ്യാര്‍ഥികള്‍ ഹാളില്‍ കയറുന്നതിനു മുമ്ബ് പരീക്ഷാമേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ നടത്തിയ ദേഹപരിശോധനയിലാണു ഹോളോഗ്രാം കടലാസുകളില്‍ വിദ്യാര്‍ഥികള്‍ ഉത്തരമെഴുതി കൊണ്ടുവന്നതായി കണ്ടെത്തിയത്. ഇവ അധ്യാപകര്‍ പിടികൂടി നശിപ്പിച്ചു. പരാതി പ്രിന്‍സിപ്പല്‍ അവഗണിച്ചതോടെയാണ് അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനെ സമീപിച്ചത്. ഒരു സ്കൂളില്‍ മാത്രം ഇത്രയും കടലാസുകള്‍ പുറത്തുപോയിട്ടുണ്ടെങ്കില്‍ സംസ്ഥാനവ്യാപകമായി വിശദപരിശോധന വേണമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ക്കും ലഭിച്ച  പരാതിയില്‍ പറയുന്നു.

പൊതുപരീക്ഷയ്ക്കു നല്‍കേണ്ട അഡീഷണല്‍ ഷീറ്റുകള്‍ നേരത്തേ ലഭിച്ചാല്‍ കുട്ടികള്‍ക്ക് അതില്‍ ഉത്തരമെഴുതി ഹാളില്‍ കൊണ്ടുവരാനും കോപ്പിയടിക്കാനും കഴിയും. പരീക്ഷാമേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് ഈ കോപ്പിയടി പിടികൂടുക എളുപ്പമല്ല.