ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു

Auto, Featured

സിയോള്‍: ഇന്ത്യന്‍ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നായ സാന്‍ട്രോ വീണ്ടും വിപണിയിൽ എത്തിക്കാന്‍ ഹ്യുണ്ടായ് ആലോചിക്കുന്നു. ഹ്യുണ്ടായ് കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനത്തിന് തുടക്കമിട്ടത് സാന്‍ട്രോയുടെ അരങ്ങേറ്റമായിരുന്നു. 1998ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ സാന്‍ട്രോ പെട്ടെന്ന് തന്നെ വിപണിയില്‍ ക്ലച്ച് പിടിച്ചു. 16 വര്‍ഷത്തിനുശേഷം 2014ലാണ് ഈ മോഡലിന്റെ ഉത്പാദനം ഹ്യുണ്ടായ് അവസാനിപ്പിച്ചത്. ലൈഫ് സൈക്കിള്‍ അവസാനിച്ചു എന്നല്ലാതെ സാന്‍ട്രോയുടെ ഉത്പാദനം നിര്‍ത്താന്‍ മറ്റ് കാരണങ്ങളൊന്നും കമ്പനി വിശദീകരിച്ചിരുന്നില്ല.
ഉത്പാദനം നിര്‍ത്തി രണ്ടു വര്‍ഷത്തിന് ശേഷവും പുതിയ കാര്‍ വാങ്ങാന്‍ എത്തുന്നവർ സാന്‍ട്രോ അന്വേഷിക്കുന്നുണ്ടെന്ന് കണ്ടാണ് പുതിയ മോഡല്‍ ഇറക്കാന്‍ കമ്പനി  തീരുമാനിച്ചത്. തെക്കന്‍ കൊറിയയിലെ ഹ്യുണ്ടായ് പ്ലാന്റില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാന്‍ട്രോയുടെ പുതിയ മോഡല്‍ രണ്ടു വര്‍ഷത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.

16 വര്‍ഷത്തെ വിപണനകാലത്തിനിടയില്‍ 18.95 ലക്ഷം സാന്‍ട്രോ കാറുകളാണ് ഇന്ത്യയിലും വിദേശത്തുമായി വിറ്റഴിച്ചത്. ഇതില്‍ 13.5 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ തന്നെയാണ് വിറ്റഴിച്ചത്. സാന്‍ട്രോയ്ക്ക് പിന്നാലെ ഐ 10, ഇയോണ്‍, ഗ്രാന്‍ഡ് ഐ 10 തുടങ്ങിയ മോഡലുകള്‍ ഹ്യൂണ്ടെയ് പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ മിഡില്‍ ക്ലാസിന് ഇഷ്ടപ്പെട്ട കാര്‍ മോഡലുകളാണ് ഇവയും.